പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹജലവും ഭക്ഷണവും കൊടുക്കുന്ന നല്ല മനസ്സുള്ള ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്. പക്ഷേ ഉറുമ്പുകൾ വെള്ളം കുടിച്ചോ അവർക്ക് ഭക്ഷണം കിട്ടിയോ എന്ന് വേവലാതിപ്പെടുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ.
ഇല്ല,എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ തെറ്റി. അങ്ങനെ ഒരു അപൂർവ മനുഷ്യനായി ഒരാൾ ആലുവയിൽ ഉണ്ട്. ആലുവ തോട്ടക്കാട്ടുകരയിൽ കുരിശു പറമ്പിൽ സിജു സേവ്യർ എന്ന ഓട്ടോറിക്ഷാ ഡ്രൈവർ.
ആലുവ,തോട്ടക്കാട്ടുകരയിൽ കഴിഞ്ഞ 16 വർഷങ്ങളായി ഓട്ടോറിക്ഷാ ഓടിക്കുന്ന പണിയാണ് സിജുവിൻ്റെത്. ഒരിക്കൽ തൻ്റെ ഓട്ടോസ്റ്റാൻഡിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ആൽ മരത്തിൽ നിന്നും താഴെ വീണ ഒരു ഇലയിൽ കെട്ടികിടന്ന വെള്ളം കുറെ പുളിയുറുമ്പുകൾ വരിവരിയായി ക്ഷമയോടെ കുടിക്കുന്നത് സിജു ശ്രദ്ധിച്ചു. ഉറുമ്പുകൾക്ക് ദാഹജലം വേണമെന്ന് സിജുവിന് മനസ്സിലായി.അങ്ങനെ അന്നു തന്നെ ഒരു കുടിവെള്ളത്തിൻ്റെ കുപ്പി മുറിച്ച് ഒരു പാത്രം പോലെ ആക്കി അതിൽ നല്ല വെള്ളമൊഴിച്ച് പുളി ഉറുമ്പുകൾ വരുന്ന സ്ഥലത്ത് വച്ചു. അത്ഭുതമെന്നു പറയട്ടെ രണ്ടു മണിക്കൂർ കഴിഞ്ഞ് തൻ്റെ ഓട്ടം കഴിഞ്ഞെത്തിയ സിജു കണ്ടത് ആ പാത്രം കാലിയായിരിക്കുന്നതാണ്.
അന്നു മുതൽ സിജു ദിവസത്തിൽ മൂന്നു നേരം ഒരു പാത്രത്തിൽ തൻ്റെ പ്രിയപ്പെട്ട ഉറുമ്പുകൾക്കായി കുടിക്കാനായി വെള്ളവും ചിലപ്പോൾ മൃഗകൊഴുപ്പും കഴിക്കാനും വയ്ക്കുന്നു. സിജു സ്നേഹത്തോടെ വയ്ക്കുന്ന ദാഹജലവും ഭക്ഷണവും കഴിയ്ക്കാൻ സിജുവിൻ്റെ പ്രിയപ്പെട്ട കൂട്ടുകാരായ ഉറുമ്പിൻ കൂട്ടങ്ങൾ എന്നും എത്താറുണ്ട്.
മറ്റുള്ളവരിൽ നിന്നും സിജുവിനെ വ്യത്യസ്തനാക്കുന്നതും തൻ്റെ ഈ സത്പ്രവൃത്തി ഒന്നുകൊണ്ടു തന്നെയാണ്.
പൊതുവേ ഓട്ടോ റിക്ഷാ ഡ്രൈവർമാരെ കുറിച്ച് പല പരാതികളും പറയുന്ന ഇക്കാലത്ത് ഒരുപാട് നൻമകൾ മനസ്സിൽ സൂക്ഷിക്കുന്ന സിജു സേവ്യർ എന്ന ചെറുപ്പക്കാരൻ അവരിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.
ഒരുപാട് കാലം സിജുവിന് ഈ നൻമയുള്ള തൻ്റെ മാത്രം സ്വന്തം കരുതലോടെ ഈ സത് പ്രവൃത്തികൾ ചെയ്യാനുള്ള കരുത്ത് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ഡോ.സജീവ് ദേവ്